
പ്ലാറ്റ് ഫോമില്‍ എത്തിയപ്പോള്‍ അഞ്ച് മണിയായി . അഞ്ചരക്ക് ട്രെയിന്‍ പുറപ്പെടും . യാത്ര ബുദ്ധിമുട്ടു തന്നെയാണ് , വലിയ ബാഗുകളും കുട്ടികളും .. മെല്ലെ നടക്കാന്‍ തുടങ്ങവേ പോര്‍ട്ടര്‍മാരെത്തി ബാഗുകളില്‍ പിടുത്തമിട്ടു . രേണു അതങ്ങ് അവരെ ഏല്‍പ്പിച്ചുകൂടെ എന്ന മട്ടില്‍ എന്നെ നോക്കി.തമിഴ്‌നാടിന് ഒരു പ്രത്യേക ഗന്ധമുണ്ട് .അവിടുത്തെ സംസ്‌കാരവുമായി പൊരുത്തപ്പെടുന്ന ഒരു ഗന്ധം. സുഹൃത്ത് കുമാര്‍ എപ്പോഴും പറയും . ചന്ദ്രന്‍ ഇത്രകാലം തമിഴ്‌നാട്ടില്‍ നിന്നിട്ടും ഒറ്റ തമിഴ് വാക്ക് പോലും ശരിക്ക് പറയില്ല. "അക്കാവെ പാര് എത്ര ശുത്തമാ തമിഴ് പേശത് "രേണു അപ്പോള്‍ ഞെളിഞ്ഞിരിക്കും.എനിക്ക് എന്താണെന്നറിയില്ല. മലയാളമേ വായില്‍ വരൂ. മലയാളം ഒട്ടും അറിയാത്തവരോട് പോലും ആദ്യം മലയാളത്തിലേ തുടങ്ങൂ.. !നിവൃത്തിയില്ലാതെ വന്നപ്പോള്‍ പോര്‍ട്ടര്‍മാരെ പെട്ടികള്‍ ഏല്‍പ്പിച്ച് നടന്നു. നല്ല തിരക്കായിരുന്നു പ്ലാറ്റ്‌ഫോമില്‍ . തിക്കിയും തിരക്കിയും പ്ലാറ്റ്‌ഫോം നമ്പര്‍ നാലില്‍ എത്തിപ്പെട്ടു.സീറ്റുകള്‍ തപ്പിപിടിച്ച് ഒരിടത്തിരുന്നപ്പോള്‍ ആശ്വാസമായി. ശരീരം വിയര്‍ത്തുകുളിച്ചിരുന്നു. പക്ഷേ കുട്ടികള്‍ ഉഷാറിലാണ്. അവര്‍ക്ക് ക്ഷീണവും അലച്ചിലുമൊന്നുമില്ല. ഷുഗറും കൊളസ്‌ട്രോളും അധികമായുള്ളതുകൊണ്ടാകാം നടക്കുമ്പോള്‍ കിതപ്പാണ്. രേണു എതിരെയുള്ള സീറ്റില്‍ ഇരിപ്പുറപ്പിച്ചു. രേണു പറഞ്ഞു.
" ചിന്നുവിന് ഒരു ജോഡി ഡ്രസ്സുകൂടി എടുക്കാമായിരുന്നു. ഇനീപ്പൊ അവിടെന്ന് വാങ്ങാനും കിട്ടില്യാ... " നാട്ടിലിപ്പോ മഴല്ലേ ചന്ദ്രേട്ടാ... ?ഒരുപാടാളുകള്‍ , യാത്രയാക്കാന്‍ വന്നവര്‍, സ്നേഹത്തിന്റെ വേര്‍പിരിയല്‍ എപ്പോഴും ദു:ഖമാണ്. ജീവിതനിയോഗത്തില്‍പെട്ട ഒന്നാണതെന്ന സത്യം ആ സമയം എല്ലാവരും മറക്കും.ദൈവത്തിന്റെ കൈവിരല്‍തുമ്പില്‍ കെട്ടിയിട്ട കളിബൊമ്മകളല്ലേ നമ്മള്‍. ചരടുവലിക്കുന്നതനുസരിച്ച് ആടുന്നു, പാടുന്നു. ചരടു പൊട്ടവെ അഗാധതയിലേക്കാഴ്‌ന്നു പോകുന്നു. അങ്ങിനെ ചിന്തിക്കാന്‍ തുടങ്ങിയാല്‍ കാടുകയറും .രേണു പലപ്പോഴും ചോദിക്കും " ചന്ദ്രേട്ടന്‍ ഇങ്ങനെയായിരുന്നോ ചെറുപ്പത്തിലും? ഒരു മിതഭാഷി ... ആരോടും ആവശ്യത്തില്‍ കവിഞ്ഞ് മിണ്ടില്ലേ..? "ചിരി വരും...വാക്കിന് ആവശ്യത്തിന് വിലകല്‍പ്പിക്കാതിരിക്കുമ്പോഴാണ് പലപ്പോഴും പലരും അമിതഭാഷികളാകുന്നത്. ചിഞ്ചു ഏതാണ്ട് എന്റെ പ്രകൃതം തന്നെയാണ്. അഞ്ചിലാണ് പഠിക്കുന്നതെങ്കിലും ഗൗരവക്കാരനാണ്. അധികം സംസാരമില്ല അവന്‍ ചെയ്യേണ്ട കാര്യങ്ങള്‍ വൃത്തിയായി ചെയ്‌തിരിക്കും. ഒരു പരാതിയുമില്ല.ട്രയിന്‍ ചലിക്കാന്‍ തുടങ്ങുന്നു . ഒരുപാട്‌പേര്‍ കൈകള്‍ ഉയര്‍ത്തി വീശി . ഒന്നാം കാലത്തില്‍ താളമേളങ്ങള്‍ തുടങ്ങി. രേണുവും ചിന്നുവുമായി എന്തൊക്കെയോ പിണക്കങ്ങള്‍... അമ്മയും മോളുമാണ് . ആ അന്തരമൊന്നും അവര്‍ക്കിടയിലില്ല . ചിന്നുവിന് 6 വയസ്സേ ആയുള്ളൂ എന്ന ചിന്ത രേണുവിനുമില്ല. രണ്ടുപേരും കലപില പ്രകൃതക്കാരാണ്.ഇടക്കിടെ രേണു വിളിക്കും.. " ദ് നോക്കൂ , ചന്ദ്രേട്ടാ...."പിന്നെ കുറേ കഴിയുമ്പോള്‍ ചിന്നു ചെവിയില്‍ പറയും.." അച്‌ഛാ.. അമ്മേ പറ്റിച്ചു..."
ട്രയിന്‍ ഏകകാലം കഴിഞ്ഞ് ദ്രുതകാലത്തിലായി. പണ്ട് സംഗീതം പഠിച്ചിരുന്നപ്പോള്‍ മാഷ് ഷഡ്‌കാല ഗോവിന്ദമാരാരെപറ്റി പറഞ്ഞിരുന്നു. ആറ് കാലത്തില്‍ പാടിയിരുന്നത്രേ അദ്ദേഹം . അതുകൊണ്ടാണ് അദ്ദേഹത്തെ ഷഡ്‌കാലഗോവിന്ദമാരാര്‍ എന്ന് വിളിച്ചിരുന്നത്. മാഷ് അദ്ദേഹത്തെ പുകഴ്‌ത്തി പറയുന്നതു കണ്ടപ്പോള്‍ വടക്കേതിലെ സുധാകരനാണ് ഒരു മറുചോദ്യം ചോദിച്ചത്. "മാഷേ , ഒന്നാം കാലം ഒരുപാടു സമയമെടുത്തു പാടിയാല്‍... എത്ര കാലം വേണമെങ്കിലും പാടാം അല്ലേ ?..പെട്ടെന്ന് ചിരി പൊട്ടി.... രേണു ചോദിച്ചു. " ചന്ദ്രേട്ടാ , എന്തിനാ ചിരിക്‌ക്‍ണ്. ഈയിടെ ചിരി കൂടുതലാണ്.. നാട്ടില്‍ പോകുന്നതിന്റെ സന്തോഷാവും അല്ലേ...? ഞങ്ങളുടെ എതിരെയുള്ള സീറ്റില്‍ രണ്ടു യുവമിഥുനങ്ങള്‍ ഇരിപ്പുണ്ട്. കൊഞ്ചിയും കുഴഞ്ഞും. രേണു ഇടക്കിടെ അവരെ ശ്രദ്ധിക്കുന്നുമുണ്ട്. ഇടക്ക് രേണു കാലില്‍ നുള്ളി. എന്നിട്ട് പതിയെ പറഞ്ഞു. "കണ്ടില്ലേ.. ? ഇതാണ് ജീവിതം .. നമ്മുടെ മധുവിധു കാലം ... ദൈവമേ..? സഹിക്കാന്‍ പറ്റുന്നില്ല.. അവള്‍ പൊട്ടിച്ചിരിച്ചു.ട്രെയിന്‍ യാത്ര എന്നും ഹരമാണെനിക്ക് . ഒരു പാടു കാലം ട്രെയിനില്‍ തന്നെയായിരുന്നു യാത്ര . സംഗീതവും ട്രെയിനിന്റെ താളവും ശ്രുതിയും കൂട്ടായുള്ള യാത്ര ...
"ചന്ദ്രേട്ടാ എപ്പോ എത്തും നാളെ .. ? "ഒരു ഒമ്പതരയാവും ..." "ആരാ വരാന്ന് പറഞ്ഞത് ?..""ഗോവിന്ദേട്ടന്‍, അല്ലാതാരാ..?"വീണ്ടും നിശ്ശബ്‌ദം . ദൂരങ്ങള്‍ താണ്ടി ട്രെയിന്‍ യാത്രയാവുന്നു. ഓരോ യാത്രയും അവ്യക്‍തമാണ് , എപ്പോള്‍ എത്തും എന്ന ചോദ്യം അപ്രസക്‍തവും . ഇപ്പോള്‍ ഇവിടെ ഇരിക്കുന്നു എന്നത് സത്യം , ബാക്കി എല്ലാം വെറുതെ.." പണ്ട് ശ്രീകൃഷ്‌ണ കോളേജില്‍ പഠിക്കുമ്പോള്‍ പ്രണയലേഖനം തന്ന മാലതിക്ക് ഒരു മറുപടി കൊടുത്തു. അതു വായിച്ചതിനു ശേഷം ആ കുട്ടി എന്നെ കാണുമ്പോള്‍ ഓടിയൊളിക്കും.വാചകം ഇങ്ങനെയാണ് തുടങ്ങുന്നത് ." കുട്ടീ....ജീവിതത്തിന്റെ മായാലോകത്ത് , നിര്‍നിദ്രയില്‍ പ്രണയത്തിന്റെ കിനാവള്ളികള്‍ എന്നെ ചുറ്റിവരിഞ്ഞ് വീര്‍പ്പു മുട്ടിക്കുന്നു" അങ്ങിനെ തുടങ്ങി ഒരു വല്ലാത്ത അവസ്ഥയില്‍ എത്തിനില്‍ക്കുന്ന ഒരു പ്രണയലേഖനം.ആ കുട്ടിയെ പിന്നെ കണ്ടിട്ടില്ല . ടി സി വാങ്ങി പോയിരിക്കും ..!!അത്ര കഠിനമായിരിക്കാം വാക്കുകള്‍.... !!
രേണു പിന്നേയും പറഞ്ഞു ."ചന്ദ്രേട്ടന്‍ ചിരിക്കുന്നു
ചിന്നു മടിയില്‍ കയറിയിരുന്നു . എന്നിട്ട് പറഞ്ഞു.
"ബ്രഹ്‌മകുളത്ത് മഴയല്ലേ.. അച്‌ഛാ..? "
"അതേ മോളേ... ബ്രഹ്‌മകുളത്ത് മാത്രമല്ല , നമ്മുടെ നാട്ടില്‍ എല്ലായിടത്തും മഴയാ... "
" നിക്ക് വഞ്ചിണ്ടാക്കി തരോ?.. "
"ഉം ...""മ്മക്ക് കൊളത്തില് കുളിക്കാം.."
"ആവാം.."
"ഗോവിന്ദന്‍ വല്യച്ച വെള്ളത്തില് ഊളയിട്വോ..?"
"വല്യച്ച മാത്രമല്ല , അച്ചക്കും അറിയാം മോളേ.... "
"ഇല്ല്യ.. അച്ചക്കറീല്ല്യ.... , നിക്ക് പഠിപ്പിച്ചര്യോ.. നീന്തല്.."
"മോള്‍ക്ക് എല്ലാം അച്ച പഠിപ്പിച്ചരാം..."
ചിഞ്ചുവിനെ നോക്കി. അവന്‍ എതോ കഥാപുസ്‌തകത്തിന്റെ വായനയിലാണ്.ഞാന്‍ ചോദിച്ചു.
"ചിഞ്ചു മോനെ നിനക്ക് പഠിക്കണ്ടേ നീന്തല്.. "
അവന്‍ തലയുയര്‍ത്തി നോക്കി. ചെറിയ കണ്ണട മുകളിലേക്കുയര്‍ത്തി, എന്നിട്ട് പറഞ്ഞു. "ഞാന്‍ തനിയെ പഠിച്ചോളാം .."രേണു പൊട്ടിച്ചിരിച്ചു.."അച്‌ഛന്റല്ല്യേ മോന്‍..."മഴയെ കുറിച്ചാണ് മോള്‍ ഓര്‍മ്മപ്പെടുത്തിയത് . മഴ എന്നും ഗൃഹാതുരത്വമുണര്‍ത്തും. മഴനൂലുകളില്‍ കോര്‍ത്ത ഒരു പാടു സ്വപ്‌നങ്ങള്‍ പേറിയ ബാല്യകൗമാരങ്ങളുടെ കഴിഞ്ഞ കാലം. വലിയ തറവാടിന്റെ അകത്തളങ്ങളില്‍ ചുറു ചുറുക്കോടെ ഓടി നടക്കേണ്ട കാലത്ത് ഗോവിന്ദേട്ടനേയും എന്നേയും നിശബ്‌ദരാക്കാന്‍ , ഉള്‍വലിഞ്ഞ് പുസ്‌തകങ്ങളില്‍ അഭയം പ്രാപിക്കാന്‍ പഠിപ്പിച്ചത് അമ്മാവന്റെ ശിക്ഷണമായിരുന്നു.മോഹങ്ങള്‍ ഉള്ളിലൊതുക്കി, ഉള്ളില്‍ തികട്ടി വന്ന വെറുപ്പിനേയും വിദ്വേഷത്തിനേയും ഭയമെന്ന വികാരം പ്രഹരിച്ചപ്പോള്‍... അമ്മയെപ്പോലെ ഞങ്ങളും മിതഭാഷികളായി, ചിരിക്കാന്‍ മറക്കുന്നവരായി. എല്ലാം പഴയ കാലങ്ങള്‍.ആരും ഓര്‍ക്കാന്‍ ഇഷ്‌ടപ്പെടാത്ത കാലങ്ങള്‍..പക്ഷേ..ഇരുളിന്റെ ഭീതിപ്പെടുത്തുന്ന നിശബ്‌ദതയില്‍ ഒരു ചങ്ങലകിലുക്കം. അമ്മയുടെ ആര്‍ദ്രമായ കണ്ണുകള്‍ .. കഷായത്തിന്റേയും മലമൂത്രത്തിന്റേയും ഗന്ധം... തട്ടിന്‍പുറത്ത് ആരുമറിയാതെ അമ്മയെകാണാന്‍ ഞാനും ഗോവിന്ദേട്ടനും കയറുമ്പോള്‍ പറന്നകലുന്ന കടവാവലുകള്‍..അമ്മ വിളിക്കും.." മോനേ .. ഉണ്ണീ.."ഞെട്ടിയെഴുന്നേല്‍ക്കും.. ഇന്നലെ പോലും രാത്രിയില്‍ ഞെട്ടിയുണര്‍ന്നു. അമ്മാവന്റെ ശബ്‌ദം കാതില്‍ വന്നലച്ചു. "ഇന്നലെ വല്യേട്ടന്‍...ഇന്ന് വിലാസിനി...ഇനി.. ? ചങ്ങലയുടെ കൊതി തീരില്ല്യാ... "ഈറോഡ് എത്തിയപ്പോള്‍ ഭക്ഷണം കഴിക്കാനിരുന്നു.രേണുവുണ്ടാക്കിയ ചപ്പാത്തിയും കറിയും ..ചിന്നുമോള്‍ കോട്ടുവാ ഇട്ടു തുടങ്ങി.. ജാലകത്തിന്നരികെയിരുന്നു കഴിക്കാന്‍ തുടങ്ങി.അപ്പോള്‍ അപ്പുറത്ത് പ്ലാറ്റ്‌ഫോമില്‍ ജാലകത്തിനോടു ചേര്‍ന്ന് ഒരു ഭ്രാന്തിത്തള്ള .. ചപ്രച്ച മുടി....അവര്‍ ജാലകത്തിലൂടെ കൈയിട്ട് ഭക്ഷണം തട്ടിപ്പറിക്കാനൊരുങ്ങി.രേണു ആ ഭ്രാന്തിയെ ചീത്ത പറഞ്ഞു.അവര്‍ ചിരിച്ചുകൊണ്ട് നില്‍ക്കയാണ്... ഞാന്‍ കഴിക്കാന്‍ വെച്ച പൊതിയെടുത്ത് ആ ഭ്രാന്തിക്ക് കൊടുത്തു.അത്യാര്‍ത്തിയോടെ അത് ഭക്ഷണം കഴിച്ചു തുടങ്ങി.ഭ്രാന്തിയുടെ കണ്ണുകള്‍ക്ക് അവ്യക്‍ത തിളക്കം. രേണു പരിഭവത്തോടെ ശകാരിച്ചു."ചന്ദ്രേട്ടന്‍ എന്ത് പണ്യാ കാട്ടീത് , ഇനീപ്പൊ എന്താ ചെയ്യാ... ന്റെ പാത്രത്തിന്ന് കഴിച്ചോളൂ,,"വേണ്ട , രേണു കഴിച്ചോളൂ.. എനിക്ക് വിശപ്പില്ല..പണ്ട് അമ്മ മടിയിലിരുത്തി പറഞ്ഞു തന്നിരുന്നു. ഭക്ഷണം ദാനം ചെയ്യുന്നതിന്റെ പുണ്യം .. അമ്മ ഒരു പാട് ഭക്ഷണം വെശക്കുന്നവര്‍ക്ക് കൊടുത്തിരിക്കാം. പക്ഷേ...വിധിയുടെ പനയോലതാളില്‍ ഇങ്ങനേയും ഒരു യോഗമുണ്ടാകാം.എല്ലാവരും ഉറക്കത്തിലായി. ചിന്നുമോള്‍ എന്നരുകില്‍ പറ്റിപ്പിടിച്ച് കിടന്നു.കാലത്ത് 9 മണിക്ക് തൃശൂരെത്തി. ട്രെയിനിറങ്ങവെ ഗോവിന്ദേട്ടന്‍ ഓടിവന്നു. മുറുക്കിചുവന്ന ചുണ്ടുകള്‍, തടിച്ച വെളുത്ത ശരീരം , അമ്മാവന്റെ മട്ടും ഭാവവും. വെളുക്കെ ചിരിച്ച് ഗോവിന്ദേട്ടന്‍ പറഞ്ഞു."സമയത്തിന് തന്നെ എത്തീലെ.. ചന്ദ്രാ... "ചിന്നുമോളെ കൈപിടിച്ച് ഭാരമുള്ള പെട്ടിയും തൂക്കി ഗോവിന്ദേട്ടന്‍ പുറത്തേക്ക് നടന്നു.കാറില്‍ പോകവെ ഗോവിന്ദേട്ടന്‍ പറഞ്ഞു. " ദ് പ്പൊ കാലം പോയപ്പോള്‍ ശാര്‍ദ്ദത്തിനേ എല്ലാവരും വരൂന്നായോ? നമ്മളൊരാള് പഴയ കിണ്ടീം ഓട്ടുവിളക്കും അമ്മാവന്റെ പഴയ മുറുക്കാന്‍ ചെല്ലവും കെട്ടിപിടിച്ച് ഇവിടെങ്ങിനെണ്ട്ന്ന്ള്ള ഒരു വിചാരോല്യാ നിനക്ക് ""ഗോവിന്ദേട്ടാ.. ഞാന്‍ വിഷൂന് വന്ന് പോയല്ലേള്ളൂ,,," "ആ നിക്കറ്യാം, എല്ലാവര്‍ക്കും തിരക്‌ക്‍ണ്ടാകും."പടിപ്പുരക്ക് മുന്‍പില്‍ വണ്ടി നിന്നു. മഴ വീണ മുറ്റത്തൂടെ പൂമുഖത്തേക്ക്. കുട്ടികള്‍ക്ക് ഉത്സവം പോലെയാണ് . അവര്‍ മുറ്റത്തൂടെ ഓടിനടന്നു. മഴവെള്ളത്തില്‍ കളിച്ചു. മണല്‍കൊണ്ട് ബംഗ്ലാവുകള്‍ പണിയാന്‍ ശ്രമിച്ചു. സന്ധ്യക്ക് ഉമ്മറത്ത് വെറുതെയിരിക്കവെ രേണു ചോദിച്ചു." ചന്ദ്രേട്ടാ.. ഗോവിന്ദേട്ടന്‍ തനിച്ചെങ്ങന്യാ ഇത്ര വല്യവീട്ടില്‍ ജീവിക്‌ക്‍ണ്. അത്ര പ്രായൊന്നും ആയില്ലാലോ.. ഒന്ന് പറഞ്ഞൂടെ... ചന്ദ്രേട്ടന് ഒരു കല്യാണം..." ഞാനും ഓര്‍ക്കാതല്ല , ഇടക്കിടെ ഞാന്‍ സൂചിപ്പിക്കുന്നതാണുതാനും . ഇന്നാള് ഞാനതേക്കുറിച്ച് പറഞ്ഞപ്പോള്‍ ഗോവിന്ദേട്ടന്റെ മറുപടി ഇങ്ങനെയായിരുന്നു."ഇന്യോ... ? ഇല്ല ചന്ദ്രാ അമ്മ പറഞ്ഞിട്ടില്ലേ.. ബന്ധങ്ങള്‍ ചങ്ങലയാണ്. ബന്ധങ്ങളുടെ കണ്ണികള്‍ ചേര്‍ന്ന് ചങ്ങല നമ്മെ വരിഞ്ഞു മുറുക്കില്ലേ ചിലപ്പോള്‍.. പിന്നെ അമ്മാവന്റെ പാരമ്പര്യായിട്ട് ഒരാളെങ്കിലും ഇങ്ങനെ ബ്രഹ്മചര്യാവണ്ടേ..?" അന്ന് ഞാനും ഗോവിന്ദേട്ടനും ഒരു പാട് തര്‍ക്കിച്ചു. വൈകീട്ട് മുകളിലത്തെ മുറിയില്‍ കയറിയപ്പോള്‍ അമ്മയുടെ ഗന്ധം അനുഭവപ്പെട്ടു. ഇരുണ്ട മുറിയില്‍ തിളങ്ങുന്ന ആര്‍ദ്രമായ കണ്ണുകള്‍ ഞാന്‍ കണ്ടു.വവാലുകള്‍ ചിറകടിച്ച് പറന്നു. ചങ്ങല പഴകി പൊളിഞ്ഞ നിലത്ത് വിഷനാഗത്തെ ഓര്‍മിപ്പിച്ചു.തിരിഞ്ഞ് നടക്കാന്‍ തുടങ്ങവേ പുറകില്‍ ഗോവിന്ദേട്ടന്‍ .ഞാന്‍ ചോദിച്ചു.."ഈ ചങ്ങല അഴിച്ചു മാറ്റികൂടെ ഗോവിന്ദേട്ടാ...""അങ്ങനെ അഴിച്ചു മാറ്റാവുന്ന കണ്ണികളാണോ ചന്ദ്രാ അതെല്ലാം.." ഉറങ്ങാന്‍ കിടക്കവെ ചിന്തിച്ചു. കാലത്ത് ഗോവിന്ദേട്ടനോട് വീട് പൊളിച്ചു മാറ്റി ഒരു പുതിയ ചെറിയവീട് വെക്കാന്‍ പറയണം. കാറ്റും വെളിച്ചവും കടക്കുന്ന ഒരു വീട്.കാലത്ത് ബലിയിട്ട് മടങ്ങവേ , ഗോവിന്ദേട്ടന്‍ നിശ്ശബ്‌ദനായിരുന്നു ഞാന്‍ എന്തോ ചോദിച്ചപ്പോള്‍ ഒന്നും പറഞ്ഞില്ലഞാന്‍ പറഞ്ഞു."ഗോവിന്ദേട്ടാ... ഞാന്‍ നാളെ... ""പൊയ്‌ക്കോളൂ..."ലീവ് കുറവാണ്, പിന്നെ കുട്ടികളുടെ പഠിപ്പ് "ഗോവിന്ദേട്ടന്‍ ഒന്നും പറഞ്ഞില്ല. ഉച്ചക്ക് ഭക്ഷണം കഴിക്കാനിരിക്കവെ ഗോവിന്ദേട്ടന്‍ പൊട്ടിക്കരഞ്ഞു."എനിക്ക് ഒരു വല്ലായ്‌കപോലെ... പഴയ ഓര്‍മ്മകള്‍ എന്നെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു.. ചന്ദ്രാ.."എന്റെ കണ്ണുകള്‍ നിറഞ്ഞുപോയി. ഞാന്‍ പറഞ്ഞു. " ഗോവിന്ദേട്ടന്‍ ന്റെ കൂടെ വന്നോളൂ... എന്തിനാ ഈ വല്യ വീടും പറമ്പും കെട്ടിപ്പിടിച്ച് ഇരിക്‌ക്‍ണ്.." ഗോവിന്ദേട്ടന്‍ ശാന്തനായി."ഞാനൊന്ന് ആലോചിക്കട്ടെ ചന്ദ്രാ.... ! അദ്ദേഹം എഴുന്നേറ്റ് പോയി.കുറെ കഴിഞ്ഞപ്പോള്‍ ഗോവിന്ദേട്ടന്‍ പറഞ്ഞു. "നാളെ ഞാനും വരാം ചന്ദ്രാ. നിക്ക് മതിയായി ഏകാകിയായ ഈ ജീവിതം " വല്ലാത്ത സന്തോഷം തോന്നി. മനസ്സില്‍ നിന്ന് ഭാരം ഇറക്കിയ പോലെ. എത്രകാലമായി ഗോവിന്ദേട്ടനോട് നിര്‍ബന്ധിക്കുന്നു. ഇപ്പോഴെങ്കിലും തോന്നിയല്ലോ... !കാലത്ത് നേരത്തെയെഴുന്നേറ്റു. കുട്ടികളെല്ലാം വേഗം കുളിച്ചു ശരിയായി.ഗോവിന്ദേട്ടനെ നോക്കി കണ്ടില്ല.പറമ്പിലും തൊടിയിലും നോക്കി എവിടേയുമില്ല.പിന്നെ അന്വേഷണം നിര്‍ത്തിവെച്ചു. " ഗോവിന്ദേട്ടന്‍ എവിടെപോയി.. "എല്ലാ പ്രാവശ്യം വരുമ്പോഴും പോകാന്‍നേരത്ത് ഗോവിന്ദേട്ടന്‍ എങ്ങോട്ടെങ്കിലും മാറിനില്‍ക്കും. ഞങ്ങള്‍ പോകുന്നത് കാണാനുള്ള ബുദ്ധിമുട്ടുതന്നെ.സ്വല്‍പം നീരസത്തോടെ തന്നെ പുറപ്പെട്ടു. രേണു പറഞ്ഞു."ചന്ദ്രേട്ടാ... ഗോവിന്ദേട്ടന്‍ വെറുതെ പറഞ്ഞതാവും.....കണ്ടില്ലേ എന്നത്തേയും പോലെ പോകാന്‍ നേരത്ത് ആളില്ല.. "സ്വല്‍പം ദേഷ്യത്തോടെ തന്നെ ഞാന്‍ പറഞ്ഞു."ഗോവിന്ദേട്ടന്‍ വരുന്നെങ്കില്‍ വരട്ടെ, ഇങ്ങനെണ്ടോ ഒരു മനുഷ്യന്‍ " വാതില്‍ ചാരിയിട്ട് പുറത്തിറങ്ങാന്‍ നോക്കവെ ഒരു ചങ്ങല കിലുക്കം.പിന്നെ വാവലുകളുടെ ചിറകടിയൊച്ച...ഓടിച്ചെന്ന് ഗോവണികയറി.. ഇരുണ്ടമുറിയില്‍ ഒരാള്‍രൂപം. ഇടറിയ ശബ്‌ദത്തില്‍ ഞാന്‍ വിളിച്ചു.."അമ്മേ..." ചങ്ങല കിലുക്കം ഉച്ചത്തിലായി."വാ ചന്ദ്രാ വാ , ഞാന്‍ നിന്റെ ഗോവിന്ദേട്ടന്‍....ചങ്ങലക്ക് ദാഹം തീര്‍ന്നില്ല്യ... നിക്കും ദാഹം തീര്‌ണില്ല്യാ...വാ അടുത്ത് വാ... പൊട്ടിച്ചിരി.. കടവാവലുകള്‍ കൂട്ടത്തോടെ പറന്നകന്നു. ചിരി പിന്നെ കരച്ചിലിനോടടുക്കവെ രേണു കയ്യില്‍ പിടിച്ചു. "രേണു .. ഗോവിന്ദേട്ടന്‍.. "ഇരുണ്ട മുറിയില്‍ നരിച്ചീടുകള്‍ ശബ്‌ദമുണ്ടാക്കി. ചങ്ങലയുടെ ഭ്രാന്തമായ കിലുക്കം വീണ്ടും...ഞാന്‍ യാത്ര വേണ്ട എന്നു വെച്ചു. എവിടെ പോകാന്‍ കര്‍മ്മബന്ധങ്ങളുടെ ചങ്ങലക്കണ്ണികളറുത്ത് എവിടേക്ക് പോകാന്‍.. ?!!!
No comments:
Post a Comment