Friday, April 24, 2009
പ്രണയത്തിന്റെ ഒന്നാം ദിവസം
വാലന്റൈന്‍സ് ഡേയിലെ ഉച്ചച്ചൂടില്‍ തണുത്തു മരവിച്ച വിദേശകാറിന്റെ ഉള്ളില്‍ പറ്റിച്ചേര്‍ന്നിരുന്ന് അവന്‍ അവളുടെ കാതില്‍ മന്ത്രിച്ചു.
പ്രണയപുഷ്‌പം നിനക്കായ് അര്‍പ്പിച്ചുപ്രണയചുംബനം നിനക്കായ് മാത്രംപ്രണയിനീ നീയെന്നുള്ളിലെപ്രണയാമൃതം നുകര്‍ന്നീടൂ....
'വളിപ്പ്' അവള്‍ പറഞ്ഞു. അവന്റെ തുടയില്‍ ആഞ്ഞടിച്ചു.അവന്‍ പൊട്ടിച്ചിരിച്ചു."ഇന്നലത്തെ കെട്ടു വിട്ടിട്ടില്ല.. കള്ളന്‍"അവള്‍ പിന്നെയും പുലമ്പി.അവന്‍ കാര്‍ ഓടിച്ചു കൊണ്ടിരുന്നു. പരന്നു കിടക്കുന്ന വീഥിക്കിരുവശവും പുഷ്‌പങ്ങള്‍...! പരന്നൊഴുകുന്ന വാഹങ്ങള്‍.പിന്നെയും അവന്‍ തുടങ്ങി. "പറയൂ പ്രിയതമേ... ഈ ദിവസത്തില്‍ എന്താണ് ഞാന്‍ നിനക്ക് നല്‍കേണ്ടത്?"അവള്‍ പൊട്ടിച്ചിരിച്ചു. "എന്തും തരുമോ??"അവന്റെ ചിരി കോടി. ക്രെഡിറ്റ് കാര്‍ഡില്‍ ബാലന്‍സില്ല.വീട്ടിലേക്കയക്കാന്‍ പണമില്ല.ദിലീപന്‍ തന്ന ചില്ലറ ദിര്‍ഹംസിന്റെ ബലത്തിലുള്ള ഊരു ചുറ്റല്‍.അതിലപ്പുറം എന്തെങ്കിലും ആവശ്യപ്പെടുമോ അവള്‍? അവന്‍ വിഷയം മാറ്റാനെന്ന വണ്ണം റേഡിയോ തുറന്നു.വാലന്റൈന്‍സ് ഡേയില്‍ പ്രണയിക്കാത്തവരേയും പ്രണയിപ്പിക്കുമെന്ന വാശിയോടെ റേഡിയോയിലൂടെ അവതാരകര്‍.
അവള്‍ അവനെ നോക്കി. പിന്നെ പുറത്തേക്ക്... അകലേക്ക്.അവള്‍ പറഞ്ഞു."ദുഷ്‌ടന്‍... വാക്കു മാറ്റുന്നു"അവന്റെ ചിരി ഇളിഞ്ഞു പോയി.കാര്‍ അമ്പരചുംബികളായ കെട്ടിടങ്ങള്‍ കടന്നു പോയി. ഉയരങ്ങള്‍ക്കൊപ്പം താഴ്‌ന്നു വരുന്ന മനുഷ്യന്റെ സ്‌നേഹം. പണ്ട് ഒരു നെല്‍കതിര്‍ പോലെ സുന്ദരിയായ ഒരു പെണ്‍കുട്ടി... അവന്റെ പ്രണയിനി അവന്റെ ഓട്ടോഗ്രാഫിലെഴുതിയ വാക്കുകള്‍ ഇങ്ങനെ."ആശിച്ചതെല്ലാം കിട്ടീടട്ടെ..ആശ അംബരചുംബിയാണെന്നോര്‍ക്കുക"മറന്നില്ല അവന്‍. ആ ഒരു വാക്കില്‍ പ്രണയത്തിന്റെ അര്‍ത്ഥശൂന്യതയുണ്ട്.
'കുട്ടപ്പാ' അവള്‍ അവന്റെ കൈത്തണ്ടയില്‍ ഉറക്കെ ഇടിച്ചു.'എന്താണ്ടാ മിണ്ടാത്തേ?'"ഒന്നൂല്ല്യ""അല്ല.. എന്തോ ഉണ്ട്.." അവള്‍ നിര്‍ബന്ധിക്കുന്നു."കാശില്ല അല്ലേ..?"അവന്‍ മിണ്ടിയില്ല.അവള്‍ പൊട്ടിച്ചിരിച്ചു. ഭ്രാന്തമായ ചിരി... പിന്നെ ചോദിച്ചു."നീ എന്നെ പ്രണയിക്കുന്നുണ്ടൊ?"അവന്‍ നിസംഗതയോടെ പറഞ്ഞു"അറിയില്ല"അവള്‍ മൂകയായി.പിന്നെ റേഡിയോയുടെ ശബ്‌ദം കുറച്ച് വെച്ച് അവള്‍ പറഞ്ഞു."കാശ് തരാം.. എത്ര വേണം? ബാങ്കിലുള്ളത് മുഴുവന്‍ എടുത്തോ.. എനിക്ക് ആര്‍ക്കും കൊടുക്കാനില്ല. അച്ഛന്‍ എന്റെ ഒരു കാര്യത്തിലും ഇടപെടാറില്ല. അമ്മയുണ്ട്. രണ്ടാനമ്മയാണ്. സ്‌നേഹം.. അത് കൊണ്ടാണ് അച്ഛന്‍ എന്നെ എന്തിനും അനുകൂലിക്കുന്നത്. എന്തു ചെയ്‌താലും കുറ്റപ്പെടുത്താറില്ല..പക്ഷെ...എന്താണ് സ്‌നേഹം?? സ്‌നേഹമുണ്ടെങ്കില്‍ ദേഷ്യം വരും. കുറ്റപ്പെടുത്തും... തല്ലും.. പട്ടിണിക്കിടും...അച്ഛന്‍ സ്‌നേഹിക്ക്യല്ല.. അഡ്‌ജസ്‌റ്റ് ചെയ്യുകയാണ്. അച്ഛന്റെ പുതിയ സ്വര്‍ഗത്തിലേക്ക് കടന്നുചെല്ലാതിരിക്കാന്‍ എന്റെ താല്‍പര്യങ്ങള്‍ അതു പോലെ അനുസരിക്കുന്നു.നിനക്കു പണം വേണോ?? എത്ര വേണം?? പക്ഷെ, നീയെന്നെ പ്രണയിക്കുന്നുണ്ടോ? അതോ ഇന്നലെ രാത്രിയില്‍ കഴിഞ്ഞ പ്രണയമോ?"
അവന്‍ അവളുടെ മുഖത്ത് നോക്കി. അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ചെമ്പിച്ച മുടിയില്‍ കൈ കൊണ്ട് അവന്‍ തലോടി.അവള്‍ അവനോട് ചേര്‍ന്നിരുന്നു."നിന്നോടെനിക്ക് സ്‌നേഹം തന്ന്യാ..പക്ഷെ പ്രണയം.... എന്റെ പ്രണയം എന്നോ നഷ്‌ടപ്പെട്ടതാണ്. ഒരാളെ ഞാന്‍ പ്രണയിച്ചിരുന്നു. പിന്നെ എല്ലാം ഒരഡ്‌ജസ്‌റ്റ്മെന്റല്ലേ..!നിനക്കറ്യോ.. പ്രണയവും വിവാഹവും തമ്മിലുള്ള അന്തരം? പ്രണയം സ്വാതന്ത്ര്യമാണ്.. വിവാഹം ഉത്തരവാദിത്വവും.."അന്തം വിട്ടിരിക്കുന്ന അവളെ നോക്കി അവന്‍ തുടര്‍ന്നു."പ്രണയം.. അത് പണ്ട് ആര്‍ക്കോ കൊടുത്തു പോയി... ജീവിതത്തില്‍ ഒരു ഒഴിവുണ്ട്. അതിന് പണത്തിന്റെ ആവശ്യമില്ല."
അവള്‍ ചിരിച്ചു. ഓണനിലാവു പോലെ.. പിന്നെ, വിതുമ്പിക്കരഞ്ഞു. കരച്ചിലിന്റെ ആധിക്യത്തില്‍ അവന്‍ കാര്‍ പാര്‍ക്ക് ചെയ്‌തു.അവള്‍ പറഞ്ഞു."പ്രണയമില്ലാതെ ഒരു വിവാഹം. വിവാഹത്തോടെ എന്റെ പ്രണയം നഷ്‌ടമായാല്ലോ? പ്രണയത്തിന്റെ ഭ്രാന്തില്‍ മനസ്സു വിങ്ങുമ്പോള്‍... പൊട്ടിത്തെറിക്കുമ്പോള്‍... ശ്യൂനതയിലേക്ക് പ്രണയത്തിന്റെ മഴനൂലില്‍ പിടിച്ച് അങ്ങിനെ കയറിപ്പോകാന്‍ അതിനു ശേഷം സാധിക്ക്യോ??"ഒരു ഭ്രാന്തിയെപ്പോലെ അവള്‍ ചിരിച്ചു. അവന്‍ എന്തെന്നറിയാതെ തരിച്ചിരുന്നു. കാറിന്റെ ചില്ലുജാലകം താഴ്‌വെ ഒരു ചുടുകാറ്റ് കാറിന്റെ ശീതീകരിച്ച ഉള്ളറകളില്‍ പടര്‍ന്നു.
അവളും അവനും പിന്നെയും യാത്ര തുടര്‍ന്നു..
Subscribe to:
Post Comments (Atom)
സുധീറേട്ടാ...
ReplyDeleteസംഭവം കൊള്ളാം. അപ്പോ ഈ എഴുതുന്ന സൂക്കേട് ഉണ്ടല്ലേ..:) പഴയ കാര്‍ട്ടൂണ്‍ വര നിര്‍ത്തിയോ..??
വിജോഷ്.